ഒരു യാത്രയുടെ ഓര്‍മയ്ക്ക്

ആത്മ ശുദ്ധിയുടെ 30 ദിന രാത്രങ്ങള്‍, സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ പെരുന്നാള്‍, ഇനി യാത്ര തുടങ്ങുകയാണ്, ചരിത്രത്താളുകളിലൂടെ ഒരു യാത്ര. യാത്രയെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ്, ഇത് സാദാരണപോലെ ഒരു ടൂറിസ്റ്റ് ബസില്‍ കുറച്ചു സ്ഥലങ്ങള്‍ കണ്ടു ആഘോഷിച്ചു മടങ്ങിവരുന്ന ഒന്നാവരുത്, മറിച്ച് ഒരോ സ്ഥലത്തെയും അറിയണം, അവിടുത്തെ ജീവിതങ്ങള്‍ മനസ്സിലാക്കണം, ചരിത്രത്തിലൂടെ സഞ്ചരിക്കണം, എന്ന് ആദ്യമേ മനസ്സില്‍ കരുതിയിരുന്നു.അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി. 


കോഴിക്കോട് - പാലക്കാട്‌ ട്രെയിന്‍ യാത്ര 
നല്ല മഴയുണ്ട്, കൂടാതെ വെള്ളിയാഴ്ചയും, ജുമുഹ നമസ്കാരം കഴിഞ്ഞു ഒരു വിധം സ്റ്റേഷനിലെത്തി, അതാ ട്രെയിന്‍ വരുന്നു....കൂടുതല്‍ സീറ്റ്‌ ഉള്ള ബോഗ്ഗി തേടിയുള്ള പാച്ചില്‍.....അല്‍ ഹംദു ലില്ലാഹ്...രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ എന്ന് പറഞ്ഞ പോലെ...ഇരുന്നും കിടന്നും തലകുത്തിമാറിഞ്ഞും പോകാന്‍ പാകത്തിന് ഒരു ബോഗ്ഗി റെഡി. ട്രെയിന്‍ മുന്നോട്ടു നീങ്ങി, അപ്പോയതാ ജനലിന്റെ ഭാഗത്ത്‌ നിന്നും തര്‍ക്കം, എല്ലാവര്‍ക്കും ജനലിനരികിലിരിക്കണം....എന്തും ചെയ്യും?...ഒരു വിധം പ്രശ്നപരിഹാരം നടത്തി കാഴ്ചകളില്‍ മുഴുകാമെന്നു വെച്ചപ്പോള്‍ മാനസിലൊരാശ ജനലിന്റെ അടുത്ത് ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍.....ഷോര്‍ണൂര്‍ വരെ പ്രശ്നമില്ല...അവിടുന്നങ്ങോട്ട്...കാരണം മറ്റൊന്നുമല്ല പാലക്കാട്ടേക്കുള്ള ആദ്യത്തെ ട്രെയിന്‍ യാത്രയാണ്‌.കാഴ്ചകള്‍ പുതിയത് , കൂടാതെ ഈറനണിഞ്ഞ പ്രകൃതിയും, മനസിന്‌ കുളിരേകാന്‍ ഇതില്പരം എന്ത് വേണം. വ്യര്‍ത്ഥമെന്നരിഞ്ഞിട്ടും കൂട്ടുകാരനോട് ചോദിച്ചു "ഷോര്‍ണൂര്‍ കഴിഞ്ഞാല്‍ ഞാനിവിടെ ഇരിക്കട്ടെ?". "വേണ്ട" എന്ന മറുപടിക്ക് കാത്തുനില്‍കാതെ നേരെ ഡോറിനടുത്തേക്ക്. അപ്രതീക്ഷിതമായ് വന്നെത്തുന്ന കാഴ്ചകള്‍ തേടി കയ്യിലെ ക്യാമറയും ഓണ്‍ ചെയ്തു നിലയുറപ്പിച്ചു. പ്രതീക്ഷ തെറ്റിയില്ല, ഒന്നാന്തരമൊരു കാഴ്ച തന്നെ തേടിയെത്തി, ഒരു മരം അതില്‍ നിറയെ പക്ഷികള്‍ കുറച്ചു പക്ഷികള്‍ ചേക്കേറാന്‍ ചില്ലകള്‍ തേടി പാറി നടക്കുന്നു. കയ്യിലെ ക്യാമറ ഞൊടിയിടയില്‍ പ്രവര്‍ത്തിച്ചു, കുഴപ്പമില്ലതൊരു സ്നാപ്പും കിട്ടി.
ജീവിതത്തില്‍ ആദ്യമായി നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ ഞാന്‍ ദര്‍ശിച്ചു. ഒരുപാടു തവണ ഭാരതപ്പുഴ കുറുകെ കടന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല. ഇനി ഇങ്ങനെയൊന്നു  ജീവിതത്തിലുണ്ടാകുമോ എന്നെനിക്കറിയില്ല. കതിരണി പാടങ്ങളും, കറ്റുമെതിക്കുന്ന പെണ്ണുങ്ങളും, കാഴ്ചകളുടെ വിരുന്നൊരുക്കി നമ്മുടെ സ്വന്തം ഒറ്റപാലം ഞങ്ങളെ സ്വാഗതം ചെയ്തു. അങ്ങിങ്ങായി ഒറ്റപെട്ടു മഴിലുകളെ കാണാം. അങ്ങനെ പാലക്കാട്‌ ജങ്ങ്ഷന്‍ സ്റ്റേഷനിലേക്ക് പുറത്തിറങ്ങി വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയില്‍ ഒരാശ... കുറെ കാലമായി ട്രെയിന്‍ കയറുന്നു....ഇതുവരെ ട്രെയിനിന്റെ എഞ്ചിന്‍ കണ്ടിട്ടില്ല.....എഞ്ചിന്‍ ഡ്രൈവറും ഒരാളും എഞ്ചിന്റെ അടുത്ത് നിന്ന് സംസാരിക്കുന്നുണ്ട്. പതുക്കെ അവരുടെ അടുത്തേക്ക്....സാര്‍ ഈ ട്രെയിന്‍ എപ്പോള്‍ കോയമ്പത്തൂര്‍ എത്തും?..7.15 ആകുമ്പോഴേക്കും എത്തും... ഉടന്‍ കിട്ടി മറുപടി, സാര്‍ എഞ്ചിന്‍ റൂമിലൊന്ന് കയറി കാണാന്‍ പറ്റുമോ?...ഒന്ന് ചുറ്റിപറ്റി ഉള്ളിലെ ആശ പുറത്തേക്കിട്ടു...പ്രതീക്ഷയോടെ ചെന്ന് നിരാശയോടെ തിരിച്ചുനടന്നു.പുറമേ നിന്ന് ആരെയും ഉള്ളില്‍ കയറ്റാന്‍ പറ്റില്ലത്രേ...പിന്നെ പുറത്തു നില്ക്കാന്‍ തോന്നിയില്ല, നേരെ സീറ്റിലേക്ക്. സീറ്റിലിരുന്നില്ല...ചായ്........ചായ്...ചായ്...  വിളികളുമയ് പിന്നില്‍ ആളുകളെത്തി....നല്ല ചൂട് ചായ ഒരെണ്ണം വാങ്ങി മോന്തി, നീണ്ടുനിവര്‍ന്നു പുറത്തേക്കും നോക്കി ഇരുപ്പു തുടര്‍ന്നു. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഇനി പുറത്തുള്ള കാഴ്ചകള്‍ യാത്ര പറഞ്ഞുതുടങ്ങിയിരിക്കുന്നു. ചോലംവിളിയുയര്‍ന്നു....ട്രെയിന്‍ നീങ്ങി തുടങ്ങി. ഞങ്ങളുടെ ബോഗ്ഗി ഏകദേശം കാലിയായി എന്ന് തന്നെ പറയാം, ഇനി ഞങ്ങള്‍ പന്ത്രണ്ടു പേരും ഒന്നോ രണ്ടോ കുടുംബങ്ങളും ഒഴിച്ചാല്‍ മറ്റാരുമില്ല...ഇന്നാ തൊടങ്ങല്ലേ....കൂട്ടത്തിലോരുത്തന്റെ ചോദ്യം. അല്യെ  തോടങ്ങ്‌....ഇങ്ങള്‍ പയേ പാട്ടാരല്ലേ?....ഹാ...സുലൈമാന്റെ ....സുലൈമാന്റെ .....സുലൈമാന്റെ....ഇഷലുകളുടെ താളത്തിനൊപ്പം കയ്യടിമേളവും ഉയര്‍ന്നു, ഇടയ്ക്കു ചില നിമിഷ കവികള്‍ യഥേഷ്ടം വരികള്‍ പടച്ചുണ്ടാക്കി, താളത്തില്‍ ഇശലുകള്‍ തീര്‍ത്തു, തീവണ്ടിയിപ്പോള്‍ മാപ്പിളമാരുടെ കല്യാണബസ്സ് പോലെയായി....അപ്പുറത്തിരിക്കുന്ന കുട്ടികള്‍ ഇടയ്ക്കു വന്നു പാളിനോക്കി ഒരു ചിരിയും പാസാക്കി തിരിച്ചുപോയി...പാട്ടുകള്‍ പാടി...പാടി..ഇപ്പോള്‍ അത് തമാശകളിലേക്കു കടന്നു, കൂട്ടതിലുള്ളവരുടെ ചെയ്തികള്‍ തന്നെയാണ് ഓരോരുത്തര്‍ തമാശയായി അവതരിപ്പിക്കുന്നത്‌, കുറച്ചുകൂടി വ്യക്തമാക്കിയാല്‍ "പച്ചക്ക് ഇറച്ചി തിന്ന", എന്നിട്ട് അവസാനം "ഇജി പോരുത്തപെട്ടേക്ക്" എന്നൊരു കമന്റും. 



 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates